കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാനയ്ക്ക് എതിരേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍. വിദേശികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ പ്രതികരണം. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍ കഴിയില്ല. ബാഹ്യ ശക്തികള്‍ക്ക് കാഴ്ചക്കാരാകാം, എന്നാല്‍ പങ്കാളികളാകുക സാദ്ധ്യമല്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ നന്നായി അറിയാം. ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാര്‍ തീരുമാനമെടുക്കുമെന്നും സച്ചിന് പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് പ്രതിഷേധത്തെ പിന്തുണച്ച് പോപ്പ് താരം രംഗത്ത് എത്തിയത്. ഇനിയുമെന്താണ് ആരും സംസാരിക്കാത്തതെന്ന തലക്കെട്ടോടെ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത റീട്വീറ്റ് ചെയ്തായിരുന്നു റിഹാന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെ ബോളിവുഡ് താരങ്ങളും, രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള നിരവധി പേര് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.