ആനന്ദ് മഹീന്ദ്രയെവരെ ഞെട്ടിച്ച് കുഞ്ഞന്‍ വില്ലീസ് ജീപ്പ്

0
24

‘ലൂസിഫര്‍’ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ച ഗഘഝ 666 നമ്പര്‍ വില്ലീസ് ജീപ്പ്. ഈ ജീപ്പിന്റെ മിനിയേച്ചര്‍ നിര്‍മിച്ച ഇടുക്കിക്കാരന്‍ അരുണ്‍ കുമാറിനെ തേടിയെത്തിയത് സാക്ഷാല്‍ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനം. മഹീന്ദ്രയ്ക്കായി ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ക്ഷണവും അരുണിനെ പരിചയപ്പെടണമെന്ന ആഗ്രഹവും ആനന്ദ് മഹീന്ദ്ര പങ്കു വെച്ചിരിക്കുകയാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയായ അമൃതേഷ് എന്ന10 വയസുകാരന് വേണ്ടിയാണ് അരുണ്‍ വില്ലീസ് ജീപ്പിന്റെ മിനിയേച്ചര്‍ ഒരുക്കിയത്.
ആനന്ദ് മഹീന്ദ്രയെപ്പോലും വീഴ്ത്താന്‍ പറ്റിയ എന്താണ് ഈ കളി വാഹനത്തില്‍ എന്നല്ലേ. വില്ലീസ് ജീപ്പ് പോലെ തന്നെ രൂപ ഭംഗിയും ഒരു കുട്ടിക്ക് ബാറ്ററിയുടെ കരുത്തില്‍ ഓടിക്കാന്‍ കഴിയുമെന്നതുമാണ് ഇതിന്റെ പ്രത്യേകത. ഫെയ്സ്ബുക്ക് സുഹൃത്തുക്കളാണ് അമൃതേഷ് എന്ന ഒരു കുട്ടി ഇത്തമൊരു വാഹനത്തിന് ആഗ്രഹിക്കുന്നു എന്ന കാര്യം അരുണ്‍ കുമാറിനെ അറിയിക്കുന്നത്. മുമ്പ് അരുണ്‍കുമാര്‍ തന്റെ മക്കള്‍ക്കായി നിര്‍മിച്ച ‘സുന്ദരി’ എന്ന ഓട്ടോയുടെ മിനിയേച്ചര്‍ പതിപ്പ് തരംഗമായിരുന്നു. ഈ വീഡിയോ കണ്ടതിനുശേഷമാണ് അമൃതേഷ് ‘നെടുമ്പള്ളി’ ജീപ്പ് വേണമെന്ന ആഗ്രഹം അരുണിനെ അറിയിച്ചത്. ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തിയായിരുന്നു നിര്‍മാണം. ഏഴ് മാസം കൊണ്ടാണ് ജീപ്പിന്റെ പണി പൂര്‍ത്തിയായത്. തകിടാണ് ഈ കുഞ്ഞന്‍ വില്ലീസ് ജീപ്പ് നിര്‍മിക്കാന്‍ ഉപയോഗിച്ചത്. മുന്നില്‍ ഡ്രൈവര്‍ക്കുള്ള സീറ്റും പിന്നില്‍ നീളത്തിലുള്ള സീറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജിങ്ങ് സംവിധാനവും മ്യൂസിക് സിസ്റ്റവും കൊച്ചു വില്ലീസിന്റെ പ്രത്യേകതയാണ്. സാധാരണ വാഹനങ്ങളിലേത് പോലുള്ള ലൈറ്റുകളും ഇന്‍ഡിക്കേറ്ററുമെല്ലാം ഈ വാഹനത്തിലുമുണ്ട്. യഥാര്‍ഥ വാഹനങ്ങളിലേത് പോലെ ഗിയര്‍ ലിവര്‍, ആക്‌സിലറേറ്റര്‍, ബ്രേക്ക് എന്നിവയുമുണ്ട്. നിര്‍മാണം പൂര്‍ത്തിയായെങ്കിലും കോവിഡ് കാലമായതിനാലാണ് വാഹനം അമൃതേഷിന് കൈമാറാന്‍ കഴിയാത്തത്.

കുട്ടി ജീപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ എത്തിയ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനത്തിന്റെ ത്രില്ലിലാണ് അരുണ്‍. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ആനന്ദ് മഹീന്ദ്ര അഭിനന്ദനമറിയിച്ചത്. ഇതിനു പിന്നാലെ മഹീന്ദ്രയുടെ പ്രതിനിധി സുരേഷ് കുമാര്‍ അരുണുമായി ബന്ധപ്പെട്ട് അദ്ദേഹം മുമ്പ് ചെയ്ത മിനിയേച്ചര്‍ വാഹനങ്ങളുടെ ചിത്രങ്ങള്‍ വാങ്ങി. ഒരു എന്‍ജിനീയറാകാനായിരുന്നു തന്റെ ആഗ്രഹമെങ്കിലും നഴ്‌സിങ്ങ് ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അത് തനിക്ക് ഏറെ ആനന്ദം നല്‍കുന്നുണ്ടെന്നുമാണ് അരുണ്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here