ഗീതു കുമാരദാസ്
യൂട്യൂബില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചു ലക്ഷത്തിലധികം ആളുകള്‍ കണ്ട ‘മൈ ബ്ലഡി ജീന്‍സ്’ എന്ന ഹ്രസ്വചിത്രത്തിലെ നായിക ആരുടെയും മനസില്‍ ഇടം പിടിക്കും. അത്ര മനോഹരമായിട്ടാണ് സിതാര വിജയന് എന്ന പെണ്‍കുട്ടി ആ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഈ പെണ്‍കുട്ടിയെ എവിടയോ കണ്ടുപരിചയമുണ്ടല്ലോയെന്ന് തോന്നിയേക്കാം. അതു തോന്നലല്ല സത്യമാണ്. ഐഎസ്എല്ലില്‍ സ്റ്റാര്‍ സ്പോഴ്സ് ചാനലില്‍ അവതാരകയുടെ റോളില്‍ പലവട്ടം കണ്ടിട്ടുണ്ട്. ഹാപ്പി സര്‍ദാര്‍ എന്ന സിനിമയില്‍ കണ്ടിട്ടുണ്ട്. ശീമാട്ടി പോലുള്ള വലിയ ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യങ്ങളില്‍ കണ്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെയിടയില്‍ ഉണ്ടായിട്ടും നമ്മള് ശ്രദ്ധിക്കാതെപോയ സ്റ്റാറാണ് സിതാര. സെലിബ്രിറ്റി ഹബ് ലൈവിലൂടെ ആദ്യമായി സിതാര മനസ് തുറക്കുകയാണ്.

പഠിക്കാനുള്ള മടി സ്റ്റാറാക്കി
പത്താംക്ലാസില്‍ 96% മാര്‍ക്കുണ്ടായിട്ടും പഠിക്കാനുള്ള മടികാരണമാണ് ഡിഗ്രി വിഷല്കമ്മ്യൂണിക്കേഷന് ചേരുന്നത്. ഇതാകുമ്പോള്‍ സയന്‍സില്ല, ഫിസിക്സില്ല, കെമിസ്ട്രിയില്ല പഠിക്കാന്‍ എളുപ്പവുമുണ്ട്. സമാധാനമായി ക്യാംപസ് ലൈഫ് അടിച്ചുപൊളിക്കാന്‍ പറ്റിയ കോഴ്സ്. അങ്ങനെ ആരോടും മിണ്ടാത്ത, നാണംകുണുങ്ങിയായ ഞാന്‍ പഠിക്കാനായി കൊച്ചിയ്ക്ക് വണ്ടി കയറി. ആദ്യത്തെ രണ്ടുവര്‍ഷം തട്ടിമുട്ടി കടന്നുപോയി. സീനിയറായി പഠിച്ചിരുന്ന ഡിജിനാണ് ആദ്യമായി ഡിഎസ്എല്‍ആര്‍ ക്യാമറയില്‍ ഫോട്ടോ എടുക്കുന്നത്. ഫോട്ടോജീനിക്ക് അല്ലായിരുന്നു ഞാന്‍. അതുകാരണം സെല്‍ഫി എടുക്കാന്‍ പോലും മടിയായിരുന്നു. പക്ഷേ ഡിജിന് എടുത്ത ആ ഫോട്ടോ തന്ന ആത്മവിശ്വാസം ജീവിതത്തെ തന്നെ മാറ്റിമറിച്ചുവെന്ന് പറയാം. അതോരു ടേണിംഗ്പോയിന്റ് ആയിരുന്നു. ഫോട്ടോ അപ്ലോഡ് ചെയ്തപ്പോള്‍. ഒത്തിരി നല്ല കമന്റെസ് വന്നു. ഈ ഫോട്ടോകണ്ട് എക്സെല്‍ ആങ്കേഴ്സ് എന്ന കമ്പനിയില്‍ നിന്ന് വിളിവന്നു. അങ്ങനെ ഹുണ്ടായ് വെര്‍ണ്ണയുടെ കസ്റ്റമര്‍ മീറ്റില്‍ ആദ്യമായി അവതാരകയുടെ വേഷം അണിഞ്ഞു. ഇപ്പോഴും എക്സെല്‍ ആങ്കേഴ്സില് തന്നെ ജോലി തുടരുന്നു. പഠിച്ചാല്‍ ജോലി കിട്ടാന്‍ പ്രയാസമുള്ള ഫീല്‍ഡാണ് വിഷ്വല്‍ മീഡിയ. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. ദൈവാനുഗ്രമുള്ളതുകൊണ്ടാന്നു തോന്നുന്നു പഠിച്ചു തീരുംമുമ്പ് ജോലി കിട്ടിയത്.

ഐഎസ്എല്ലിലേക്ക്
ആദ്യ ആങ്കറിംഗ് കഴിഞ്ഞ ശേഷം നിരവധി ഓഫറുകള്‍ വന്നുതുടങ്ങി. വലുതും ചെറുതുമായ നൂറോളം പരിപാടികളില്‍ പഠിക്കുന്ന കാലത്തുതന്നെ ആങ്കറായി. ജോലിത്തിരക്കുമൂലം ഒരു സെമസ്റ്ററിലെ മുഴുവന്‍ പരീക്ഷ പോലും എഴുതാനായില്ല. ജോലി പഠിക്കുന്ന വിഷയമായി ബന്ധപ്പെട്ടുള്ളതായതുകൊണ്ട് അധ്യാപകരും ഫുള്‍ സപ്പോര്‍ട്ടായിരുന്നു. ഇതിനിടെയാണ് സ്റ്റാര്‍ സ്പോഴ്സില്‍ നിന്ന് ഓഫര്‍ വരുന്നത്. ഓഡിഷന് വഴി എന്നെയാണ് സെലക്റ്റ് ചെയ്തത്. കിട്ടുമെന്ന് ഒട്ടുംപ്രതീക്ഷയില്ലായിരുന്നു. ഓഡിഷന് പോകുമ്പോള്‍ ഇത് ഒര്‍ജിനല്‍ ആണോ അതോ തട്ടിപ്പാണോയെന്ന് വരെ സംശയമുണ്ടായിരുന്നു. എന്റെ അവതരണം അവര്‍ക്ക് ഇഷ്ടമായി. സെലക്റ്റുചെയ്തു. മുബൈയിലെ സ്റ്റുഡിയോയിലായിരുന്നു ഷൂട്ട്. ചെയ്തതില്‍ ഏറ്റവും ടെന്‍ഷന്‍ അടിച്ചതും ബുദ്ധിമുട്ടുള്ളതും കിളിപോയതും ഐഎസ്എല്ലില്‍ ആദ്യ എപ്പിസോഡില്‍ അവതാരകയായപ്പോളാണ്. കാരണം ഫുട്ബോളിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഐ.എം. വിജയന്, ജോ പോള്‍ അഞ്ചേരി പോലുള്ള വലിയ കളിക്കാരുടെ ഇടയില്‍ ഇരുന്ന് ഇതിനെക്കുറിച്ച് ഒന്നുമറിയാതെ ചര്‍ച്ച നടത്തിയത് ഒര്‍ക്കുമ്പോള്‍ തന്നെ തലകറങ്ങുന്നു. ലൈവ് ആണ് പോകുന്നത് ഒരു മണ്ടത്തരം വായില്‍ നിന്ന് പോയാല്‍ എല്ലാം തീര്‍ന്നു. പിന്നീട് ഫുട്ബോള്‍ എന്താണെന്ന് കുത്തിയിരുന്നു പഠിച്ചു. ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി ഐഎസ്എല്ലില്‍ അവതാരകയായി ഇരിക്കുകയെന്നതാണ്. സിനിമയും മോഡലിംഗും അതുകഴിഞ്ഞേയോള്ളൂ.

മോഡലിംഗിലേക്കുള്ള കടന്നുവരവ്
മോഡലിംഗില്‍ ഭീഷണിയായി നിന്നത് എന്റെ പല്ലുകളാണ്. എക്സ്ട്ര ഒരു പല്ല് മുന്നോട്ട് തള്ളി നില്‍ക്കുന്നത് പ്രശ്നമായി തോന്നിയിരുന്നു. ശീമാട്ടി, മെഡിമിക്സ് തുടങ്ങിയവയുടെ പരസ്യത്തില്‍ മോഡലായതോടെ ആ പ്രശ്നം മാറിക്കിട്ടി. കോണ്‍ഫിഡന്‍സ് കൂടി. പിന്നെ ഇഷ്ടംപോലെ ബ്രാന്‍ഡുകള്‍ക്ക് മോഡലായി ഫോട്ടോഷൂട്ടുകള്‍ നടത്തി. നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. ഫോട്ടോഷൂട്ടുകളെക്കുറിച്ച് പറഞ്ഞാല്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫോട്ടോഗ്രാഫര്‍ റെജി ഭാസ്കറാണ്. എന്റെ ഗാലറിയിലെ ഏറ്റവും നല്ല ഫോട്ടോകള്‍ എടുത്തത് റെജി ഭാസ്കര്‍ ആണ്. എന്റെ അധ്യാപകന് കൂടിയാണ് അദ്ദേഹം. ലോക്ക്ഡൗണിന് ശേഷം ആദ്യവര്ക്കും റെജി ഭാസ്കറിന് ഒപ്പമായിരുന്നു.

സിനിമയിലേയ്ക്കുള്ള വഴി
ഹാപ്പി സര്‍ദാറാണ് ആദ്യ സിനിമ. എക്സെല്‍ ആങ്കേഴ്സ് ഉടമ ജീ തോമസിന്റെ സാറിന്റെ സിനിമയായിരുന്നു ഹാപ്പി സര്‍ദാര്‍. ജീ പറഞ്ഞിട്ടാണ് ഓഡീഷന് പോകുന്നത്. സെലക്റ്റായി അഭിനയിച്ചു. ഷോട്ട്ഫിലിമിലേക്ക് വരുന്നത് ജീ തോമസ്, ആമി ജീ, ഷിബില്‍ നജീബ് എന്നീ മൂവര്‍ സംഘമായിരുന്നു മൈ ബ്ലഡി ജീന്‍സ് എന്ന ഷോട്ട്ഫിലിം ഡയറക്റ്റ് ചെയ്തത്. ജാസ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഒരു പെണ്‍കുട്ടിയുടെ ജീന്‍സ് വില്ലനും രക്ഷകനുമാകുന്ന കഥായാണ് ഇവര്‍ പറയുന്നത്. കഥ എഴുതുമ്പോള്‍ തന്നെ എന്നെയാണ് ഈ റോളിലേക്ക് കണ്ടിരുന്നത്. ഭയങ്കര ചലഞ്ചിംഗ് റോളായതുകൊണ്ട് ഒരുപാട് ആലോചിച്ചു. ഒരുപാട് പേരോട് അഭിപ്രായം ആരാഞ്ഞു. നെഗറ്റീവായ രീതിയില്‍ ഒന്നും സംഭവിക്കില്ലെന്ന് ജീ നല്ല ആത്മവിശ്വസം തന്നു. അവസാനം റോള്‍ ഏറ്റെടുത്തു. 2020 ലെ ദാദ സാഹിബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലില്‍ സ്പെഷല്‍ ജൂറി മെന്‍ഷന്‍ ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചു. കൂടാതെ ഇന്ത്യയ്ക്കകത്തേയും പുറത്തേയും നിരവധി ഫെസ്റ്റിവലുകളില്‍ സ്ക്രീന്‍ ചെയ്യുന്നുമുണ്ട്.

ലോക്ക്ഡൗണില്‍
ലോക്ക്ഡൗണിന് രണ്ടു ദിവസം മുമ്പാണ് ഐഎസ്എല്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയത്. നാലുവര്‍ഷങ്ങള്‍ക്കു ശേഷമാണ് വീട്ടില്‍ ഇരിക്കുന്നത്. രണ്ടുമാസം കൊണ്ട് എന്റെ കുക്കിംഗ് സ്കില്‍ മെച്ചപ്പെട്ടു. എല്ലാദിവസവും ഒരോ പരീക്ഷണങ്ങളായിരുന്നു. ഞാന്‍ നല്ല കുക്കാണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. കൊച്ചിയില്‍ താമസിക്കുമ്പോള്‍ സ്വന്തമായിയാണ് പാചകം. ലോക്ക്ഡൗണില്‍ ഏറ്റവും മിസ് ചെയ്തത് യാത്രകളാണ്. ഞാന്‍ അമ്മു ചേച്ചി എന്നു വിളിക്കുന്ന അമൃത സി.ആറാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്, ക്രൈംപാര്ട്നര് എല്ലാം. ഞങ്ങള്‍ ഒന്നിച്ചാണ് യാത്രകള്‍. മലകള്‍ കയറുവാനാണ് ഇഷ്ടം. സോളോ ട്രാവലിംഗ്, ബൈക്ക് ട്രിപ്പ് അങ്ങനെയോന്നുമല്ലാതെ അമ്മയെകൂട്ടി, കൂട്ടുകാരെക്കൂട്ടി പീസ്ഫുള്ളായ സ്ഥലത്ത് പോകണം.

കുടുംബം
മൂവാറ്റുപുഴയ്ക്ക് അടുത്ത് വാഴക്കുളമാണ് സ്വദേശം. പപ്പാ വിജയന്, അമ്മ സുധ, ചേച്ചി ഭവ്യ മീര. ചേച്ചി ഖത്തര്‍ എയര്‍വേസില്‍ എയര്‍ഹോസ്റ്റസാണ്. വീട്ടില്‍ എല്ലാവരും ഫുള്‍ സപ്പോര്‍ട്ടാണ്. അങ്ങനെ ജീവിതം ആങ്കറിംഗില്‍ ഐഎസ്എല്ലിലും അഭിനയത്തില്‍ മൈ ബ്ലഡി ജീന്‍സിലും എത്തി നില്ക്കുന്നു. കൊറോണയുടെ ആശങ്കകള്‍ മാറി വന്നിട്ടു വേണം സിനിമകള്‍ ചെയ്യാന്‍. എങ്കിലും സ്പോട്സ് ആങ്കറിംഗ് തന്നെയാണ് കൂടുതല്‍ ഇഷ്ടം. ആളുകള്‍ കൂടുതലും തിരക്കുന്നത് സിനിമയോ ഷോര്‍ട്ട് ഫിലിമോ പരസ്യമോ അല്ല ഐഎസ്എല്‍ വിശേഷങ്ങള്‍ തന്നെയാണ്. അതുകൊണ്ടാണ് സ്പോട്സ് ആങ്കറിംഗിനോട് കൂടുതല്‍ ഇഷ്ടം. സോഷ്യല്‍മീഡിയയില്‍ ആക്റ്റീവ് ആണ്. പക്ഷേ, ഫേസ്ബുക്കില്‍ അക്കൗണ്ട് ഇല്ല. ഇന്‍സ്റ്റഗ്രമിലാണ് ആക്റ്റീവ്. ടിക്ക്ടോക്ക് അക്കൗണ്ട് ഉണ്ട് ആക്റ്റീവല്ല.

മൈ ബ്ലഡി ജീൻസ് ഷോർട് ഫിലിം കാണാം..