പിപിഇ കിറ്റ് പാര്‍ട്ടിവെയര്‍ ആക്കിയതില്‍ നടി പരുള്‍ ഗുലാട്ടിക്ക് എതിരെ രൂക്ഷ വിമര്‍ശനം. കോവിഡ് പ്രതിസന്ധിയില്‍ ആരോഗ്യ പ്രവര്‍ത്തകരും, രക്ഷാപ്രവര്‍ത്തകരും പിപിഇ കിറ്റിന്റെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് താരം പിപിഇ കിറ്റിനെ മോശമായി ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ആരോപണം. പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പരുള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മാസ്ക്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയുമാണ് ആഘോഷം നടന്നിരിക്കുന്നത് എന്നും വിമര്‍ശനമുണ്ട്. ഓഗസ്റ്റ് 6ന് ആയിരുന്നു നടിയുടെ ജന്മദിന ആഘോഷം.

ഫേസ്ബുക്കില്‍ ഒരു കോടിയില്‍ അധികം ആളുകള്‍ ഫോളോ ചെയ്യുന്ന താരമാണ് പരുള്‍. ഇത്രയും ഫോളോവേഴ്സുള്ള ഒരു ആളുടെ ഭാഗത്തു നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ പറയുന്നു. ആരോപണങ്ങളെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും താരം നീക്കം ചെയ്തിരുന്നു. പഞ്ചാബി സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് പരുള്‍ ഗുലാട്ടി.