ആ രണ്ടു കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യില്ല- ഫഹദ് ഫാസില്‍

0
51

ഒട്ടേറെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദ് ഫാസിലിനെ കുറിച്ചു പ്രേക്ഷകരും നിരൂപകരും പറയുന്നത്, മോഹന്‍ലാലിന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്വാഭാവിക നടന്‍ എന്നാണ്. എന്നാല്‍ ഫഹദ് ഫാസില്‍ ഇതിന് മറുപടി പറയുന്നത് മോഹന്‍ലാലിന് മുന്‍പ്, ശേഷം എന്നു പറയാന്‍ ആരുമില്ല എന്നും അദ്ദേഹത്തെ പോലെ മറ്റാരുമില്ല എന്നുമാണ്. ഇപ്പോഴിതാ മഴവില്‍ മനോരമ ചാനലില്‍ നടത്തിയ ഒരു അഭിമുഖത്തില്‍ ഒരു ആരാധകന്‍ ഫഹദിനോട് ചോദിക്കുന്നത് ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി അനശ്വരമാക്കിയ ചന്തു, തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ജയകൃഷ്ണന്‍ എന്നീ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ അതില്‍ ഏത് തിരഞ്ഞെടുക്കും എന്നാണ്.


എന്നാല്‍ ഫഹദ് ഫാസില്‍ ഒട്ടും അമാന്തിക്കാതെ പറയുന്നത് രണ്ടും താന്‍ ചെയ്യില്ല എന്നാണ്. രണ്ടു തരം അഭിനയ ശൈലിയുടെ അപാരമായ മികവില്‍ നില്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് അവയെന്നും അത് രണ്ടും തനിക്ക് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റില്ല എന്നും ഫഹദ് പറയുന്നു. എം ടി വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ക്ലാസ്സിക് ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. അതുപോലെ പി പദ്മരാജന്‍ രചിച്ചു സംവിധാനം ചെയ്ത മലയാള സിനിമയിലെ റൊമാന്റിക് ക്ലാസിക്ക് ആയാണ് തൂവാനത്തുമ്പികള്‍ അറിയപ്പെടുന്നത്. ഈ റീമേക് എന്ന പരിപാടിയോട് തന്നെ തനിക്ക് വ്യക്തിപരമായി ഒട്ടും താല്‍പ്പര്യമില്ലെന്നും ഫഹദ് തുറന്നു പറയുന്നു. എന്നാല്‍ സദയം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കണ്ടപ്പോള്‍ അതുപോലൊരു കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ട് എന്നു ഫഹദ് നേരത്തെ പറഞ്ഞിട്ടുണ്ട്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ : https://t.me/celebrityhubmedia

LEAVE A REPLY

Please enter your comment!
Please enter your name here