സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈലാകുന്നത് നടന് നിവിന്‍ പോളി 2017ല്‍ അഭിനയിച്ച ഒരു ഹ്രസ്വചിത്രമാണ്. സംവിധായകന് ജൂഡ് ആന്റണി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ പുറത്തിറക്കിയ വീഡിയോയാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വീഡിയോയിലെ ചില രംഗങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വീഡിയോയ്ക്കൊപ്പം തന്നെ ഇത് എടുക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് സംവിധായകന് ജൂഡ് ആന്റണി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തത്.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…
2016 ജൂണില്‍ എനിക്കൊരു ഒരു പെണ്കുഞ്ഞു ജനിച്ചു . നവംബര്‍ മാസം ഒരു ദിവസം രാവിലെ പത്രം വായിച്ച എന്റെ കണ്ണ് നിറഞ്ഞു. 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച വാര്‍ത്ത. കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. ആമിര്‍ ഖാന് സത്യമേവ ജയതേയില്‍ ചെയ്ത വീഡിയോ ഒരു ഡോക്ടര്‍ ചെയ്ത വീഡിയോയുടെ ഹിന്ദി വേര്‍ഷന്‍ ആണ്. അത് പോലെ ഒരെണ്ണം മലയാളത്തില്‍ വന്നാല്‍ നന്നായിരിക്കും. എനിക്ക് പരിചയമുള്ള കുട്ടികളുടെ മുഖങ്ങളായിരുന്നു മനസ്സില്‍. അവര്‍ക്കെങ്കിലും അങ്ങനൊരു വീഡിയോ കാണിച്ചു കൊടുക്കണം. എന്റെ ചില അനാവശ്യ ഈഗോ കാരണം നിവിനോട് ഞാന്‍ കുറച്ചു കാലമായി മിണ്ടാറില്ലായിരുന്നു. രണ്ടും കല്പ്പിച്ചു നിവിനെ വിളിച്ചു അവന് പിണക്കം മറന്നു ഫോണ്‍ എടുത്തു. ഞണ്ടുകളുടെ ഷൂട്ടിംഗ് തൃശൂര്‍ നടക്കുന്നു. നേരെ വണ്ടിയെടുത്തു അങ്ങോട്ട് വിട്ടു. നിവിനോട് ഈ ഐഡിയ പറഞ്ഞപ്പോള്‍ എന്റെയും അവന്റെയും കണ്ണുകള്‍ നിറഞ്ഞു. ഇത് ഉടനെ ചെയ്യാമെന്ന് അവന്.
പക്ഷെ നമ്മള് രണ്ടു പേരും കൂടെ ഇത് ചെയ്താല്‍ പബ്ലസിറ്റിക്കു വേണ്ടി ചെയ്തതാണെന്ന് ആളുകള്‍ക്ക് തോന്നുമെന്ന് അവന്. അത് ശരിയാണെന്നു എനിക്കും തോന്നി. അങ്ങനെ ഞാന്‍ നേരെ ബാലാവകാശ കമ്മീഷന് തിരുവനന്തപുരത്തേക്കു പോയി ശോഭ കോശി മാമിനെ കണ്ടു കാര്യം അവതരിപ്പിച്ചു. പ്രതിഫലമില്ലാതെ നിവിനും ഞാനും ഇത് ചെയ്തു തരാം, എല്ലാ സ്കൂളുകളിലും ഇത് കാണിക്കണം. അത്രയേ ഞാന്‍ ആവശ്യപ്പെട്ടുള്ളു. ശോഭ മാം ഷൈലജ ടീച്ചറെ കണക്ട് ചെയ്തു തരുന്നു. എറണാകുളം ഗസ്റ് ഹൗസില്‍ വച്ച് ടീച്ചറെ കാണുന്നു. മാതൃവാത്സല്യത്തോട് മിനിസ്റ്റര്‍ പച്ചക്കൊടി തരുന്നു. ആയിടക്ക് കണ്ട മെട്രോ മനോരമയില്‍ കണ്ട ആര്‍ട്ടിക്കിള്‍ നിന്നും ബോധിനി എന്ന സംഘടന ഇത്തരത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ട് ഞാന്‍ ബോധിനിയുടെ ജീവശ്വാസമായ റീനയെ വിളിക്കുന്നു. ഇത് ഷൂട്ട് ചെയ്യാനുള്ള ഫണ്ട് ബോധിനി ഏല്ക്കുന്നു.
ചിത്രത്തിന്റെ കാമറ ചെയ്ത മുകേഷ് മുരളീധരനും സംഗീതം നിര്‍വഹിച്ച ഷാന്‍ ഇക്കയും എഡിറ്റിങ് ചെയ്ത റിയാസും പ്രതിഫലമില്ലാതെയാണ് സഹകരിച്ചത്. പിന്നെയും ഒരുപാടു കടമ്പകള്‍ കടന്ന് ആ വീഡിയോ ഇറങ്ങി. എല്ലാ സ്കൂളുകളിലും സര്‍ക്കാര്‍ ഇത് കാണിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പല ഗ്രൂപ്പുകളിലും പേജുകളിലും ഈ വീഡിയോ വരുന്നത് ശ്രദ്ധയില്‍ പെട്ടു. ഒരു കുഞ്ഞിനെങ്കിലും ആ വീഡിയോ കൊണ്ട് ഗുണമുണ്ടായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. 2016ലെ ആ ഒരു ചെറിയ കണ്ണ് നീര് ഇന്ന് ധാരയായി ഒഴുകുന്നു. ഇന്നത് സംതൃപ്തിയുടെ ആനന്ദ കണ്ണീര്- ജൂഡ് കുറിച്ചു