‘ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടില്‍ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുന്‍പ് കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല.’ സംവിധായകന് സച്ചിയുടെ മരണം അറിഞ്ഞ നഞ്ചമ്മയ്ക്ക് സങ്കടം സഹിയ്ക്കാനാവുന്നില്ല. സംവിധായകന് മാത്രമായിരുന്നില്ല. മകനെപോലെയായിരുന്നു നഞ്ചമ്മയ്ക്ക് സച്ചി. നഞ്ചമ്മയുടെ പാട്ടുകള്‍ മാത്രമായിരുന്നില്ല, നഞ്ചമ്മയേയും സച്ചി അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. പാട്ടുകാരിയാണെങ്കിലും അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടിയതോടെയാണ് നഞ്ചമ്മ നാടറിയുന്ന പാട്ടുകാരിയായത്. സിനിമയ്ക്ക് ശേഷവും നഞ്ചമ്മയുടെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ സച്ചി മടിച്ചിരുന്നില്ല. ഒരു കുടുംബാംഗത്തെ പോലെ വിശേഷങ്ങള്‍ തിരക്കി. ഒരു ദിവസം വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് ഫോണ്‍ ചെയ്തത് കുറച്ചു ദിവസം മുമ്പാണ്. നഞ്ചമ്മയുടെ എല്ലാ പാട്ടും ഇഷ്ടമാണെങ്കിലും ദൈവമകളേ.. എന്ന പാട്ടായിരുന്നു സച്ചിയക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് നഞ്ചമ്മ പറയുന്നു. മകളെ നഷ്ടപ്പെട്ട് നെഞ്ച് തകര്‍ന്ന് അമ്മ പാടുന്നതാണ് ദൈവ മകളേ… എന്ന പാട്ട്.