റിലീസിന് മുൻപ് തന്നെ ട്രെയിലറിലൂടെയും ടീസറുകളിലൂടെയും യൂടൂബ് ക്ലിപ്പിങ്ങുകളിലൂടെയും തരംഗം ഉണ്ടാക്കിയ സിനിമയാണ് ഓപ്പറേഷൻ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം.
ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എണ്ണത്തിൽ കൂടുതൽ സൈബർ ക്രൈമുകളാണ്. എന്നാല്‍ അത്ര എളുപ്പമല്ല ഇതിലെ പ്രതികളെ പിടികൂടൽ. വെബ് ലോകത്തിന്റെ ഡിഎൻഎ പോലെ തന്നെ കെട്ടുപിണഞ്ഞായിരിക്കും ഇതിന്റെ ലിങ്കുകൾ കിടക്കുന്നത്. പെൺകുട്ടികളുടെ പേരിൽ വ്യാജനഗ്നവിഡിയോ പ്രചരിപ്പിച്ചും ഓൺലൈൻ ചാറ്റിങിലൂടെ സ്വകാര്യവിവരങ്ങൾ ചോർത്തിയും പണം തട്ടുന്ന കേസുകൾ നിരവധി. ഈ കേസിൽ സഹായത്തിനായി സമീപിക്കുന്നത് സൈബർ സെല്ലിനെയാണ്.

റിയലിസ്റ്റിക് ആയതും സ്മാർട്ട് ആയതുമായ സൈബർ പോലീസിന്റെ ഓപ്പറേഷനുകൾ ആണ് പടത്തെ മൂല്യമുള്ളത് ആക്കുന്നത്. ഓപ്പറേഷനിലെല്ലാം പ്രേക്ഷകനെ ജിജ്ഞാസയോടെയും കൂടെ കൂട്ടാൻ സംവിധായകന് സാധിക്കുന്നു. ഒരു പുതുമുഖത്തിന്റെ വർക്ക് എന്ന് എവിടെയും തോന്നിപ്പിക്കുന്നില്ല തരുൺ മൂർത്തി. സാങ്കേതികമായും ചിത്രം മുന്നിട്ടുനിൽക്കുന്നു. ഫായിസ് സിദ്ദിഖിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ എഡിറ്റിങും മികച്ചു നിൽക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ജേക്സ് ബിജോയ്യുടെ പശ്ചാത്തലസംഗീതം സിനിമയുടെ ഡാർക് മൂഡ് നിലനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്, ഡോള്‍ബി അറ്റ്മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.