ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ ശ്രമിച്ച രഹ്ന ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേര്‍പിരിഞ്ഞു. 17 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നും ജീവിതത്തില്‍ അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ടെന്നും മനോജ് ശ്രീധര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ജീവിതത്തില്‍ എപ്പോഴെങ്കിലും അവരവരോട് തന്നെ നീതി പുലര്‍ത്തണം. സന്തുഷ്ടരായ മാതാ പിതാക്കള്‍ക്കേ കുട്ടികളോടും നീതിപൂര്‍വ്വം പെരുമാറാന്‍ സാധിക്കൂ. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്, കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും കെട്ട് പിണഞ്ഞു കിടക്കുന്ന ഒരിടമാണത്. രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാന്‍ പരിമിതികള്‍ നിലനിന്നിരുന്നു. രണ്ട് വ്യക്തികള്‍ക്ക് ഇടയില്‍ പരസ്പരം ഒന്നിച്ചു ജീവിക്കാന്‍ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്. കുട്ടികളുടെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ട് ഉത്തരവാദിത്വം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്പോള്‍ അവിടെ പാര്‍ട്ണര്‍ഷിപ് പിരിയുന്നു പരസ്പരമുള്ള അധികാരങ്ങള്‍ ഇല്ലാതാകുന്നു എന്ന് മാത്രമാണ് തങ്ങള്‍ മനസ്സിലാക്കുന്നത്. കുടുംബം എന്ന സങ്കല്‍പ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികള്‍ എന്ന ആശയത്തിന് നിലനില്‍പ്പില്ല. ഭാര്യ ഭര്‍ത്താവ്, ജീവിത പങ്കാളി ഈ നിര്‍വ്വചനങ്ങളില്‍ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയില്‍ നിന്ന് പരസ്പരം മോചിപ്പിക്കാന്‍ അതില്‍ ബന്ധിക്കപ്പെട്ടവരുടെ ഇടയില്‍ ധാരണ ഉണ്ടായാല്‍ മതി. ഒരുമിച്ച് താമസിച്ച് നിര്‍വ്വഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്വങ്ങളൊന്നും ഇപ്പോള്‍ തങ്ങളുടെ ചുമലിലില്ലെന്നും മനോജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുട്ടികള്‍ക്കു മുന്പില് നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ രഹ്നാ ഫാത്തിമയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ ബിഎസ് എന്‍ എല്‍ ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി ബി.എസ്.എന്‍.എല്‍. നേരത്തേ രഹ്നയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനു കോടതി വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.