‘വാരിയംകുന്നന്’ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു എന്ന കുറിപ്പോടെ പൃഥ്വി പോസ്റ്റിട്ടത്. എന്നാല്‍ ഇതിന് പിന്നാലെ പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ള ഒരു വിഭാഗം രംഗത്തെത്തി.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കി വ്യക്തിയാണെന്നും അത്തരത്തിലൊരു ചിത്രം വേണ്ട എന്നുമാണ് ഒരുവിഭാഗത്തിന്റെ നിലപാട്. സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചരിത്രം അറിയാത്തവരാണ് വിവാദത്തിന്റെ പിന്നിലെന്നാണ് ഉയരുന്ന വാദം.
ആരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
മലബാര്‍ ജില്ലയിലെ വള്ളുവങ്ങാട് താലൂക്ക് നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കിപറമ്പത്ത് 1870ലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയും കരുവാരക്കുണ്ടിലെ സമ്പന്ന ജന്മി തറവാടുകളിലൊന്നായ പാറവട്ടിയിലെ കുഞായിശുമ്മയുമാണ് മാതാപിതാക്കള്‍. കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെ കുടുംബങ്ങള്‍ പാരമ്പര്യമായി ബ്രിട്ടീഷ് വിരുദ്ധ നിലപാട് വെച്ച് പുലര്‍ത്തുന്നവരായിരുന്നു. കോഴിക്കോട് രാജ്യം നിലവില്‍ ഉണ്ടായിരുന്നപ്പോള്‍ സാമൂതിരി രാജനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന കച്ചവടകുടുംബമായിരുന്നു ചക്കിപറമ്പത്തുകാര്‍. സമ്പത്തും സ്ഥാനമാനങ്ങളുമുണ്ടായിരുന്ന ഈ തറവാട്ടുകാര് കോഴിക്കോട് രാജ്യം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തതിനുശേഷം നിസ്സഹകരണ സമീപനമായിരുന്നു പുലര്‍ത്തിയിരുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രലോഭനങ്ങളിലൂടെ വശത്താക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പലപ്പോഴായി ബ്രിട്ടീഷ് വിരുദ്ധ ലഹളകള്‍ക്ക് ഈ കുടുംബാംഗങ്ങള്‍ തിരി കൊളുത്തിയിരുന്നു. തങ്ങള്‍ക്ക് നേരെ നിലകൊള്ളുന്നതിനു പ്രതികാരമായി ചക്കിപറമ്പത്തുകാരുടെ സ്വത്തുക്കളും സമ്പത്തും ബ്രിട്ടീഷ് സാമ്രാജ്യം പലപ്പോഴായി അന്യാധീനപ്പെടുത്തി. ബ്രിട്ടീഷ് വേട്ടയാടലുകളെ തുടര്‍ന്ന് ചക്കിപറമ്പത്ത് നിന്നും വാരിയന്‍കുന്ന് തൊടിയിലേക്ക് താമസം മാറേണ്ടിവന്നതിനെ തുടര്‍ന്ന് വാരിയന്കുന്നന് എന്നായിരുന്നു പില്കാലത്ത് ഹാജി അറിയപ്പെട്ടിരുന്നത്.

ഹാജിയുടെ പിതാവ് മൊയ്തീന് കുട്ടി ഹാജി ഏറനാട്ടിലെ അറിയപ്പെടുന്ന സമ്പന്നനായ മരവ്യാപാരിയായിരുന്നു. മരഡിപ്പോകളും, ചരക്കു നീക്കത്തിന് നൂറു കണക്കിന് പോത്തിന് വണ്ടികളും, ഹെക്ടര്‍ കണക്കിന് നെല്‍പ്പാടങ്ങളും സ്വന്തമായിരുന്ന പിതാവിനെ കാര്‍ഷിക വ്യാപാര രംഗങ്ങളില്‍ ചെറുപ്പകാലം തൊട്ടേ കുഞ്ഞഹമ്മദ് ഹാജി സഹായിച്ചിരുന്നു. പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്ത് കൊല്ലപ്പെട്ട കുഞ്ഞിലിമരക്കാര് ആയിരുന്നു ഹാജിയുടെ വീര പുരുഷന്. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വ്യാപുല്യം കാരണം മൂന്നോളം തവണ അദ്ദേഹത്തിന് നാട് വിടേണ്ടതായി വന്നു. മെക്കയിലും,ബോംബെയിലും ഉള്ള പ്രാവാസി ജീവിതത്തിനിടെ അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ളീഷ് ഭാഷകളില്‍ മികവ് നേടി. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ അരങ്ങേറിയ 1894 മണ്ണാര്‍ക്കാട് ലഹളയെ തുടര്‍ന്ന് ഹാജിയുടെ കുടുംബാംഗങ്ങളില്‍ പലരും കൊല്ലപ്പെടുകയോ നാട് കടത്തപ്പെടുകയോ ചെയ്തു. അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉള്‍പ്പെട്ടിരുന്നു.
പ്രതികാരമായി ഭീമമായ തുക ഹാജിയുടെ കുടുംബത്തില്‍ നിന്നും ഈടാക്കിയ ബ്രിട്ടീഷ് അധികാരികള്‍ കുടുംബ സ്വത്തുക്കളും 200 ഏക്രയോളം വരുന്ന കൃഷിഭൂമിയും ബ്രിട്ടീഷ് അധികാരികള്‍ കണ്ട് കെട്ടി. ഇത് ഹാജിയിലെ ബ്രിട്ടീഷ് വിരുദ്ധവികാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. ബ്രിട്ടീഷ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കാരണം രണ്ടാമതും നാടുവിടേണ്ടിവന്ന ഹാജി മടങ്ങി വന്നെങ്കിലും ജന്മനാട്ടില് പ്രവേശിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കാതെ വീണ്ടും മക്കയിലേക്ക് തിരിച്ചയച്ചു. 1915 ലാണ് പിന്നീട് ഹാജി മടങ്ങി വരുന്നത്. തിരിച്ചു വന്ന കുഞ്ഞഹമ്മദ് ഹാജിയെ മലബാറില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. പിന്നീട് ജന്മ ഗ്രാമമായ നെല്ലിക്കുത്തില്‍ കയറരുത് എന്ന നിബന്ധനയില്‍ വിലക്ക് നീക്കി. തിരികെ വന്ന് കച്ചവടം പുനഃരാരംഭിച്ച ഹാജി സ്വപ്രയത്നത്താല്‍ സമ്പന്നനായി മാറി. കച്ചവടം പച്ച പിടിച്ചതോടെ പൊതുരംഗത്ത് സജീവമായ ഇടപെടലുകള്‍ക്ക് ഹാജി തുനിഞ്ഞിറങ്ങി. കച്ചവടത്തില്‍ ലഭിക്കുന്ന സമ്പത്ത് ദരിദ്രര്‍ക്കും കുടിയാന്മാര്ക്കും കീഴാളര്‍ക്കും വീതം വെക്കുന്നതിനു ഹാജിക്ക് മടിയുണ്ടായിരുന്നില്ല. ലോകപരിചയം, ഭാഷാ പരിജ്ഞാനം, സ്വതസ്സിദ്ധമായ സംസാര ചാതുരി, കുടിയാന് പ്രശ്നങ്ങളിലും, സാമൂഹിക -മതാചാര തലങ്ങളിലുമുള്ള സജീവ സാന്നിധ്യം എന്നിവയൊക്കെ കീഴാളര്‍ക്കിടയിലും, മാപ്പിളാര്‍ക്കിടയിലും ഹാജിക്ക് സ്വാധീനം വര്‍ദ്ധിപ്പിച്ചു. ”സുല്‍ത്താന്‍ കുഞ്ഞഹമ്മദ്” എന്നായിരുന്നു ഹാജി അറിയപ്പെട്ടിരുന്നത്.
ആഗസ്ററ് 19-ന് ബ്രിട്ടീഷ് സൈന്യം മമ്പുറം കിഴക്കേ പള്ളിയില്‍ നടത്തിയ തിരച്ചിലാണ് മലബാര്‍ കലാപത്തിന്റെ മൂല ഹേതു. ഇതോടെയാണ് ലഹള ആരംഭിക്കുന്നതും വാരിയന്‍കുന്നന്റെ കീഴില്‍ വിപ്ലവ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നതും. 20 മുതല്‍ 30 വരെ ആലിമുസ്ലിയാര് ആയിരുന്നു സമാന്തര സര്‍ക്കാര്‍ ഭരണാധികാരി. ആലി മുസ്ലിയാരിനു ശേഷം സമ്പൂര്‍ണ്ണര്‍ത്ഥത്തില്‍ വാരിയന്‍ കുന്നന് കുഞ്ഞഹമ്മദ് ഹാജി രാജാവായി മാറി. പട്ടാളവും പോലീസും ബ്രിട്ടീഷ് അധികാരികളും പാലായനം ചെയ്തതോടെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 200 വില്ലേജുകള്‍ കേന്ദ്രീകരിച്ചു സ്വാതന്ത്ര്യരാജ്യപ്രഖ്യാപനം നടന്നു. മലയാള രാജ്യം എന്നാണ് സ്വന്ത്രത്യ രാജ്യത്തിനു നല്കിയ പേര്. നിലമ്പൂര്‍, പന്തല്ലൂര്‍, പാണ്ടിക്കാട്, തുവ്വൂര്‍ എന്നീ പ്രദേശങ്ങള്‍ ഹാജി തന്റെ കീഴിലാക്കി. ചെമ്പ്രശ്ശേരി തങ്ങള്‍ മണ്ണാര്‍ക്കാടിന്റെ അധിപനായി. ആലി മുസ്ലിയാര് തിരൂരങ്ങാടിയിലെ ഖിലാഫത്ത് രാജാവായി. വള്ളുവനാടിന്റെ ബാക്കി പ്രദേശങ്ങള്‍ സീതിക്കോയ തങ്ങളുടെ കീഴിലാക്കി.
1921 ആഗസ്റ്റ് 25-ന് കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് വിപ്ലവ സര്‍ക്കാരിന്റെ കീഴില്‍ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കുമ്പിള് കഞ്ഞി, കാണഭൂമി എന്നിവ അവസാനിപ്പിച്ചും കുടിയാന്മാരെ ഭൂ ഉടമകളാക്കിയും രാഷ്ട്ര പ്രഖ്യാപനം നടന്നു. ബ്രിട്ടീഷ് രീതിയില്‍ തന്നെയായിരുന്നു ഹാജിയുടെയും ഭരണം. ബ്രിട്ടീഷുകാരെ പോലെ കലക്ടര്‍, ഗവര്‍ണര്‍, വൈസ്രോയി, രാജാവ് എന്നിങ്ങനെയായിരുന്നു ഭരണ സംവിധാനം. വ്യവസ്ഥാപിതമായ രീതിയില്‍ ഭരണം കെട്ടിപ്പടുക്കാന്‍ ഹാജിക്ക് കഴിഞ്ഞിരുന്നു. സമാന്തര സര്‍ക്കാര്‍, കോടതികള്‍, നികുതി കേന്ദ്രങ്ങള്‍, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, സൈന്യം, നിയമ പോലീസ്, എന്നിവ സ്ഥാപിച്ചു. അരാജകസ്ഥിതി വരാതെ എല്ലാം ക്രമമായും മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മാപ്പിളമാരും, കീഴാളന്മാരും അടങ്ങുന്ന തന്റെ അനുയായികളെ അദ്ദേഹം അച്ചടക്കം ശീലിപ്പിച്ചു, അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. ഹിന്ദുക്കളെ ഉപദ്രവിച്ച് പോവരുതെന്നുള്ളതായിരുന്നു പ്രധാനമായും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചിരുന്നത്. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുന്‍പാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നല്‍കിയിരുന്നു.
പള്ളിക്ക് മുമ്പില്‍ പന്നിയുടെ ശവം കൊണ്ടിട്ടപ്പോള്‍ ഒരുമിച്ചു കൂടിയ ജനത്തെ തടഞ്ഞത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണ നൈപുണ്യം വെളിവാക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബ്രിട്ടീഷ്-ജന്മി ദല്ലാളന്മാര് ചെയ്തതാണെന്ന് ഓര്‍മ്മപ്പെടുത്തി ഇനി വരാവുന്ന നീക്കങ്ങള്‍ക്കും ഹാജി തടയിട്ടു. അമ്പലത്തിനുള്ളില്‍ പശു കിടാവിന്റെ ജഡം കൊണ്ടിട്ടപ്പോഴും ഇതേ ജാഗ്രത ഹാജി കാട്ടി. ഒറ്റുകാരായ തദേശി വാസികളെയും ജന്മികളെയും സര്‍ക്കാര്‍ അനുകൂലികളെയും ശിക്ഷിക്കാന്‍ വാരിയന്‍ കുന്നന് ഒരാമന്തവും കാണിച്ചിരുന്നില്ല. സര്‍ക്കാര്‍ അനുകൂല ജന്മികളായ തമ്പുരാക്കന്മാരുടെ പൂക്കോട്ടൂര്‍ കോവിലകം ആക്രമിച്ച മാപ്പിള സൈന്യം സ്വത്തുക്കള്‍ കവര്‍ന്നെടുത്ത് കോവിലകം കുടിയാന്മാരായ കീഴാളന്മാര്‍ക്കു വീതിച്ചു നല്കി. ബ്രിട്ടീഷ് പക്ഷ പ്രമാണി മണ്ണാടന്‍ മൊയ്തീന് കുട്ടിയുടെ ബംഗ്ളാവ് ഹാജിയുടെ സൈന്യം ആക്രമിച്ചു ഭക്ഷ്യ വിഭവങ്ങള്‍ കൊള്ളയടിച്ചു, ബ്രിട്ടീഷ് അനുകൂലികളായ കൊണ്ടോട്ടി തങ്ങന്മാരെ ആക്രമിച്ചതാണു മറ്റൊരു പ്രധാന സംഭവം. ഇത്തരം ആക്രമണങ്ങളില്‍ ചരിത്രത്തില്‍ ഇടം പിടിച്ച ആക്രമണമാണ് ഖാന് ബഹാദൂര്‍ ചേക്കുട്ടി സാഹിബ് വധം. ബ്രിട്ടീഷ് അനുകൂലിയായ ചേക്കുട്ടിയെ കൊന്ന് തലയറുത്ത് പ്രദര്‍ശിപ്പിച്ചു കൊണ്ട് മഞ്ചേരിയില്‍ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം വിപ്ലവ സര്‍ക്കാറിന്റെ മാര്‍ഷല്‍ ലോ ആയാണ് കണക്കാക്കുന്നത്.
സുശക്തമായ സൈനിക സംവിധാനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഹാജി വെള്ള പടയെ നേരിട്ടിരുന്നത്. പട്ടാളത്തില്‍ നിന്നും പിരിഞ്ഞവരായിരുന്നു ഹാജിയെ സഹായിക്കാന്‍ ഉണ്ടായിരുന്നത്. കരുവാന്മാര് ആയുധ നിര്‍മ്മാണം നടത്തി. ഭക്ഷ്യ ചുമതല കീഴാളന്മാരും മാപ്പിളന്മാരും നിര്‍വഹിച്ചു. വെട്ടിക്കാട് ഭട്ടതിരിപ്പാട്, പാണ്ടിയാട്ട് നാരായണന് നമ്പീശന് എന്നിവര്‍ പണവും ഭൂമിയും ഭക്ഷണവും നല്കി. മാപ്പിളമാരോടൊപ്പം കീഴാളരും, അഞ്ഞൂറോളം ഹിന്ദുക്കളും വാരിയന്‍ കുന്നന്റെ സൈന്യത്തില്‍ സേവനമനുഷ്ടിച്ചിരുന്നു.
മുടിക്കോട് വെച്ച് കോണ്‍സ്റ്റബിള്‍ ഹൈദ്രോസിനെ വെടിവെച്ചു കൊന്ന ഹാജി പിന്നീട് ബ്രിട്ടീഷ് പക്ഷ ജന്മി ഗൂഡല്ലൂരിലെ ചെട്ടിയെയും വകവരുത്തി, ക്യാമ്പില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഇന്‍സ്പെക്സ്റ്റര്‍ ശൈഖ് മുഹ്യുദ്ധീനെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും ഗൂഡല്ലൂരില്‍ വെച്ച് വധിച്ചു. 1921 ഡിസംബറില്‍ പന്തല്ലൂര്‍ മുടിക്കോടുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ പോരാളികള്‍ അക്രമം അഴിച്ചുവിട്ടു. നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടറായിരുന്ന ചോലക ഉണ്ണീന്റെ കൈയില്‍ ദേശീയ പതാക നല്കി, ജാഥയുടെ മുന്പില് നടത്തി ഹാജി മുദ്രാവാക്യം വിളിച്ച് കൊടുത്തു. കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിനെ അലോസരപ്പെടുത്തി. അദ്ദേഹത്തെ തകര്‍ക്കാന്‍ പലതും പയറ്റി. ഹാജിയേയും സംഘത്തേയും പിടികൂടാന്‍ ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യയിലുണ്ടായിരുന്ന മൂന്നില്‍ ഒന്ന് സൈനികരെയും മലബാറില്‍ വിന്യസിച്ചു. പോലീസ്, എം.എസ്.എഫ്, യനിയര്‍, ലിന്‍സ്റ്റണ്‍, ഡോര്‍സെറ്റ്, രജതപുത്താന, ചിന്, കച്ചിന്, ഖൂര്‍ഖ റെജിമെന്റുകള്‍ എന്നിവരുടെയെല്ലാം സംയുക്തമായ സൈനിക ആക്രമണങ്ങള്‍ ഫലം കാണാതെ വന്നപ്പോള്‍ ബ്രിട്ടീഷ് സൈന്യത്തിന് ഏറനാടിനെ അടിച്ചമര്‍ത്താന്‍ സാധ്യമല്ലെന്ന നിഗമനത്തിലെത്തിയ ബ്രിട്ടീഷ് അധികാരികള്‍ പുതുവഴികള്‍ തേടി.
ബ്രിട്ടീഷ് ഇന്ത്യന്‍ ഇന്റലിജന്‍സ് തലവന്‍ മോറിസ് വില്യംസ് മലബാറില്‍ താവളമടിച്ചു. തുടര്‍ന്നാണ് ചെമ്പ്രശ്ശേരി തങ്ങളേയും, സീതി തങ്ങളേയും പിന്നീട് ഹാജിയേയും അറസ്റ്റ് ചെയ്യുന്നത്. ചെമ്പ്രശേരി സീതി തങ്ങന്മാരെ ചതിവില്പെടുത്തി കീഴ്പ്പെടുത്തിയതിനു ശേഷം ഹാജിയെ പിടിക്കാനായി ഉറ്റസുഹൃത്ത് പൊറ്റയില്‍ ഉണ്യാലി മുസ്ലിയാരെ അധികാരികള്‍ സമീപിച്ചു. ഹാജിയെ സന്ദര്‍ശിക്കാനും സമാന്തര സര്‍ക്കാര്‍ പിരിച്ചു വിട്ട് കീഴടങ്ങിയാല്‍ കൊല്ലാതെ എല്ലാവരേയും മക്കത്തേക്ക് നാട് കടത്തുകയെ ഉള്ളുവെന്ന സര്‍ക്കാര്‍ തീരുമാനം അറിയിക്കാനും ആവശ്യപ്പെട്ടു. ഉണ്യാന്‍ മുസ്ലിയാരോടൊപ്പം ഹാജിയുമായി സൗഹൃദബന്ധമുള്ള രാമനാഥഅയ്യര്‍ എന്ന സര്‍ക്കിളും ഉണ്ടായിരുന്നു. ലോ കമാന്റര്‍ ഹംഫ്രി നല്കിയ എഴുത്ത് കാട്ടി മക്കത്തേക്കു അയക്കുന്ന കാര്യം അവതരിപ്പിച്ചപ്പോള്‍ ഹാജി പൊട്ടി ചിരിച്ചു. ദൂതന്മാരെ പിന്തുടര്ന്ന് ക്യാമ്പ് വളഞ്ഞിരുന്ന ബാറ്ററി സ്പെഷ്യല്‍ കമാന്‍ഡോസ് നിസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഹാജിയെ കീഴ്പ്പെടുത്തി.
ഹാജിയുമായി ഗാഢ സൗഹൃദ ബന്ധമുണ്ടായിരുന്ന രാമനാഥന് അയ്യര്‍ ആ സ്നേഹം ആയുധമാക്കിയപ്പോള്‍ ഹാജി അടിതെറ്റി വീഴുകയായിരുന്നു. നിരായുധരാണെങ്കിലും കീഴടങ്ങാന്‍ കൂട്ടാക്കാതെ ഹാജിയും കൂട്ടരും ചെറുത്തു നിന്നതിനാല്‍ ആറ് മണിയോടു കൂടി മാത്രമാണ് പ്രത്യേക സംഘത്തിന് ഇവരെ കീഴടക്കാനായത്. 1922 ജനുവരി 5ന് ചെണ്ടവാദ്യം മുഴക്കിയും, നൃത്തം ചെയ്തും ആരവങ്ങളോടെ ബ്രിട്ടീഷ് സൈന്യം ഹാജിയെ പൊതു പ്രദര്‍ശനം നടത്തി മഞ്ചേരിയിലേക്ക് കൊണ്ട് പോയി. ചങ്ങലകളില്‍ ബന്ധിച്ചു, മീശ രോമങ്ങള്‍ പറിച്ചെടുത്തു ചവിട്ടിയും,ബയണറ്റിനാല്‍ കുത്തിയും പാതയിലൂടെ വലിച്ചയച്ചു കൊണ്ട് ആവുവോളം രോഷം തീര്‍ത്ത് കൊണ്ടായിരുന്നു പട്ടാളത്തിന്റെ ആ യാത്ര. 1922 ജനുവരി 13ന് മലപ്പുറം തൂക്കിടി കല്ലേരിയില്‍ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും മാര്‍ഷല്‍ കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച് കൊല്ലാന്‍ വിധിച്ചു. ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിന്റെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവില്‍ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയില്‍ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.
”നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവെക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം” എന്ന് ഹാജി ആവശ്യപ്പെട്ടു. അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പില്‍ വരുത്തി. മറവു ചെയ്താല്‍ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേര്‍ച്ചകള്‍ പോലുള്ള അനുസ്മരണങ്ങള്‍ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തില്‍ വിപ്ലവ സര്‍ക്കാരിന്റെ മുഴുവന്‍ രേഖകളും അഗ്നിക്കിരയാക്കി. ഇനി ഒരിക്കലും വാരിയന്കുന്നന് കുഞ്ഞഹമ്മദ് ഹാജിയുടെ ഓര്‍മ്മകള്‍ തിരിച്ചു വരരുത് എന്ന് സാമ്രാജത്വ തീരുമാനം നടപ്പിലാക്കാന്‍ കത്തിത്തീര്‍ന്ന ചാരത്തില്‍ ബാക്കിയായ എല്ലുകള്‍ വരെ സൈന്യം പെറുക്കിയെടുത്ത് ബാഗിലാക്കി കൊണ്ട് പോയി.