ബെഞ്ചമിന്‍ ഐഡൂവിനെയും സംഘത്തേയും അറിയിമോയെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ ഇവരുടെ ചിത്രമോ വീഡിയോയോ കാണിച്ചാല്‍ ഒരു ചിരിയോടെ അറിയും എന്നാകും പറയുക. കാരണം അത്രയധികം പ്രശസ്തമാണ് ഇവരുടെ ശവപ്പെട്ടി ചുമന്നുള്ള നൃത്തം. മരണത്തിന് തന്നെ പുതിയൊരു മാനം നല്കിയവരാണ് ഇവര്‍. ഒരാളുടെ അന്ത്യയാത്ര കുറച്ചുകൂടി കളറാകേണ്ടതുണ്ട് എന്ന തോന്നലിലാണ് പ്രൊഫഷണലായി ശവമഞ്ചം ചുമക്കുന്ന ബഞ്ചമിനും സംഘവും ശവമഞ്ചം ചുമക്കുന്നതോടൊപ്പം ഇങ്ങനെ കൊറിയോഗ്രാഫി കൂടി കൂട്ടിച്ചേര്‍ത്തത്. ഘാനയിലെ ഈ സംഘത്തെക്കുറിച്ച് 2017 -ല്‍ ബിബിസി ഇവരെ കുറിച്ച് ചെയ്ത ഡോക്യുമെന്ററിയിലൂടെയാണ് ആദ്യം ഇവര്‍ പ്രശസ്തരാവുന്നത്. പിന്നീട്, സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ ട്രോളുകളിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെ ഇവര്‍ കൂടുതല്‍ പരിചിതരാവുകയായിരുന്നു. ബഞ്ചമിന്റെയും സംഘത്തിന്റെയും ശവമഞ്ച നൃത്തം കൊറോണാകാലത്തും പലയിടത്തും പലരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയിലെ പൊലീസുകാര്‍ ഒരാളെ ഇങ്ങനെ ചുമന്ന് നൃത്തം ചെയ്ത് പോകുന്ന ദൃശ്യവും പെറുവിലെ പൊലീസുകാരുടെ ദൃശ്യവുമെല്ലാം ഇതില്‍ പെടുന്നു.
2003 -ല്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് ബഞ്ചമിന് ആദ്യമായി ഇങ്ങനെ ശവമഞ്ചം ചുമക്കുന്ന ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ഇത്തരമൊരു സംഘത്തിന്റെ നേതാവായി. പിന്നീട് ശവമഞ്ചം ചുമക്കുന്നതോടൊപ്പം ഇത്തരത്തില്‍ നൃത്തം ചെയ്യാനുള്ള കൊറിയോഗ്രഫിയും ബഞ്ചമിന് ചെയ്തു. ജനിച്ചാല്‍ മരണം സുനിശ്ചിതമാണെന്നും അതുവരെ ആഘോഷമായി ജീവിച്ചവര്‍ മരിക്കുമ്പോഴും ചടങ്ങുകള്‍ക്ക് അല്പം ആഘോഷമായാലെന്താണ് കുഴപ്പമെന്നാണ് ബഞ്ചമിന്റെ ചോദ്യം. ഒരിക്കല്‍ ഒരു പാര്‍ലിമെന്റംഗം മരണമടഞ്ഞപ്പോള്‍ ഇങ്ങനെ ചടങ്ങുകള്‍ക്കായി ബഞ്ചമിനെയും സംഘത്തെയും ഏര്‍പ്പാടാക്കി. നല്ല വസ്ത്രങ്ങള്‍ക്കും മറ്റുമായി ആ കുടുംബം നല്ല പണവും നല്കി. മികച്ച രീതിയിലാണ് അന്ന് ശവസംസ്കാര ചടങ്ങുകള്‍ നടന്നത്. നല്ലൊരു തുകയും ലഭിച്ചു. അന്നാണ് അത്രയും വലിയൊരു തുക താനാദ്യമായി കാണുന്നതെന്നും ബഞ്ചമിന് പറയുന്നു.

അതിനുശേഷമാണ് ഒരു ലക്ഷ്യബോധം വന്നതും കുറച്ചുകൂടി എന്തെങ്കിലും ചെയ്യണമെന്നും തോന്നുന്നത്. അങ്ങനെയാണ് നൃത്തമടക്കം വരുന്നത്. 100പേരുണ്ട് ഇന്ന് ഈ സംഘത്തില്‍. 95 പുരുഷന്മാരും അഞ്ച് സ്ത്രീകളും. അതില്‍ രണ്ട് സ്ത്രീകള്‍ ബഞ്ചമിനെപ്പോലെ ലീഡ് ശവമഞ്ചം ചുമപ്പുകാരാണ്. അടുത്തിടെ സംഘം ഒരു മാനേജരെക്കൂടി നിയമിച്ചു. നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുമ്പോള്‍ എന്താണ് ചെയ്തത് എന്ന് നിങ്ങള്‍ക്കറിയാം. അവരുടെ ജീവിതം അവര്‍ ജീവിച്ചു കഴിഞ്ഞു. നിങ്ങള്‍ക്ക് നല്‍കാനുള്ളതെല്ലാം നല്‍കിക്കഴിഞ്ഞു. പിന്നെയുമെന്തിനാണവരെ കരഞ്ഞുകൊണ്ട് യാത്രയാക്കുന്നതെന്ന സംശയവും ബഞ്ചമിനുണ്ട്.